മഴ


ഇന്നീ ജനലഴിയിലൂടെ ഞാന്‍ കാണുന്നൊരീ-

മഴത്തുള്ളികള്‍ മണ്ണിലായ് ചേരുമ്പോള്‍

എന്‍റെ കണ്‍കോണില്‍ നിന്നറിയാതെയുതിരുന്ന

മിഴിനീരുമൊരു കഥ പറയാന്‍ തുടങ്ങുന്നു.

പൂക്കളില്‍ നിന്നും പൂക്കളിലെക്കൊരു ശലഭം

കണക്കെ ഞാന്‍ പാറിയ നാളിലായ്‌

കണ്ടു ഞാനാദ്യമായ് മന്ദസ്മിതം തൂകു-

മഴകാം സുമത്തെയാ പൂക്കള്‍തന്‍ ചാരത്ത്.

അവളുടെയരികത്തായൊരുമാത്ര വന്നിരുന്നിത്തിരി

തേന്‍കുടിച്ചുലകം മറക്കുവാന്‍

പാറിപ്പറന്നങ്ങുവന്നു നിന്നെങ്കിലും

കാതോരമുലയുന്നോരവള്‍തന്‍റെ വാര്‍മുടി-

ചുരുളുകളിലെല്ലാം മറന്നങ്ങു നിന്നുപോയ്.

ഞാന്‍ പോലുമറിയാതെയിന്നെന്‍റെ ജീവന്‍റെ

ശ്രുതിഭാവലയതാളമായി നീയെന്‍ സഖീ.

ഇന്നുനിന്‍ മെയ്‌തൊടാന്‍ കാറ്റായിവന്നുഞാന്‍

മഴയായ്‌ സ്നേഹമത് നിന്നില്‍ ചൊരിഞ്ഞുഞാന്‍

എന്നിട്ടുമൊരുവാക്കുപോലുമുരിയാടുവാ–

തെങ്ങോട്ടകന്നുപോയെന്‍പ്രിയസഖീ..

തേടിയലഞ്ഞു ഞാന്‍ കാലങ്ങളൊരുപാട്

കണ്ടുമുട്ടീ നിന്നെയെരിയുംതിരി നാളമായ്…

ഇന്നുമെന്‍ കണ്ണുകളീമലര്‍വാടിയില്‍

തിരയുന്നതോ നിന്‍റെ മന്ദസ്മിതം മാത്രം

ഏകനായീജന്മമെരിഞ്ഞു തീരുംവരെ

എന്നുമെന്‍ കൂട്ടിനീ കണ്ണീര്‍ മഴ മാത്രം…

                                                                                                –വിഷ്ണു.ജി.ബി