Featured

തണൽ


തണൽമരം പോലൊരു മനസ്സുണ്ടെനിക്ക്‌.
തളരുമ്പോൾ, തലചായ്ക്കാൻ തണലേകാൻ.
ഉണർന്നുമടങ്ങുമ്പോൾ പലരും
തിരിഞ്ഞു നോക്കാറില്ല,
നന്ദി പറയാറില്ല… എങ്കിലും
ഞാനുണ്ടാകും തണലായി…
കടപുഴകുംവരെ …

സാക്ഷിയായ്…


വെന്പുലരിയുമ്മവച്ചെന്‍കണ്ണിനിമകളില്‍

മിഴിമെല്ലേ ഞാന്‍തുറന്നൊരുനേര്‍ത ചിരിയോടെ

അലസമായെന്റെ കൈ വിരലുകള്‍ തഴുകി നിന്‍

കവിളത്ത് സിന്ദൂരമഴകില്‍ വിരിക്കുവാന്‍.

പടരുന്ന സിന്ദൂരമഴകില്‍നീരാടി നീ

അരുമയായെന്റെ ജനലരികിലായ് വിടരവേ

അലിയുന്നു ഞാന്‍ നിന്റെ വശ്യസൗന്ദര്യത്തില-

രുണന്‍റെ വിരല്തൊട്ട ഹിമകണമേന്നപോല്‍.

കാല്‍കള്‍ നിന്നരികിലേക്കെന്നെ നയിച്ചു ഞാ-

നൊരു ശ്വാസമകലെ നിന്‍ ചാരത്ത് നില്കവേ

നിമിഷങ്ങളിഴയുന്നു നെഞ്ജിടിപ്പുയരുന്നു

കൈകള്‍ നിന്‍ മെയ്തൊടാനനുവാദം തിരയുന്നു.

വിവശയായ് ജനലഴിപിടിച്ചങ്ങുനില്‍ക്കും നിന്‍

ചൊടിയിലായ് വിരിയുന്ന രാഗമൊന്നാറിയുവാന്‍

ആരും തൊടാത്ത നിന്‍ തന്ത്രികള്‍ വിരല്‍തൊട്ടു

മീട്ടിനാമലിയുന്നതില്‍ രാഗ ഭാവമായ്.

അലിയട്ടെ മനസ്സുകള്‍ പ്രണയത്തിനാഴത്തില്‍

അറിയട്ടെ മനസ്സുകള്‍ പ്രണയത്തിനാഴവും

പ്രണയത്തിനന്നും ഇന്നും എന്നും

സാക്ഷിയായീസൂര്യചന്ദ്രനും പ്രകൃതിയും.

 

–വിഷ്ണു.ജി.ബി

ഒരു പ്രണയകാവ്യം…


മൌനം വാചാലമാകുമീ സന്ധ്യയില്‍

എന്നില്‍ നിന്നകലേക്ക് മറയുന്നതാരോ…

ഒരുവാക്കുമിണ്ടാതെയകലുന്നതാരെന്ന-

തറിയാതെയെന്മനം ഇടറുന്ന നേരം

ഒരു മാത്ര നിന്നവള്‍ മന്ദസ്മിതം തൂകി

വിരഹമാണവളെന്നു ചൊല്ലിയകന്നുപോയ്

വിരഹയാമവള്‍ മെല്ലെയകലവേ കണ്ടു ഞാന്‍

ഹൃദയം കവര്‍ന്നൊരെന്‍ പ്രണയമാം കവിതയെ.

വാടിയ പൂവുപോലലസമായെന്നില്‍ നീ

കവിളത്ത് മഴവില്ലിനഴകുമായലിയവേ…

ആ വര്‍ണശോഭയിലാര്‍ദ്രമീ സന്ധ്യയും

ഒരു കുഞ്ഞു ചിരിയോടെ മിഴിപൂട്ടി മറയുന്നു

രാവിന്‍റെ മാറിലെന്‍ രാഗമായിന്നു നീ

പടരുന്നു മോഹമായ് ജീവനിലമൃതമായ്

പൂര്‍ണെന്ദു സാക്ഷിയായ് കൈകോര്‍ത്ത് നിന്നു നിന്‍

കവിളോരം മൃദുലമായ് തഴുകി ഞാനകലവേ

പൊഴിയുന്ന മിഴിനീരിലറിയാതെയുരുകുന്നു-

വൊന്നാകാനകലുന്നൊരീ പ്രണയകാവ്യം…

                                                                                                                         –വിഷ്ണു.ജി.ബി

ഈ നാളമണയുംവരെ…


സന്ധ്യമാഞ്ഞു വെണ്ണിലാവണഞ്ഞു

ഒരു മാത്രയെന്‍മിഴികളുറങ്ങിയില്ല

ഒരുപാട് നേരമായ് കട്ടിലിന്നോരത്ത്

തലയണക്കൂട്ടായ് ഞാന്‍ കിടപ്പൂ

അതിനോടിണങ്ങിപ്പിണങ്ങിച്ചിണുങ്ങിഞാന്‍

വിരല്‍ തൊട്ട് മാറോടു ചേര്‍ത്തുവച്ചെന്തിനോ…

എപ്പൊഴോ നിദ്രതന്‍ താളത്തിലലിയവേ

ദിനരാത്രമൊരുപിടിയറിയാതകന്നുപോയ്.

ഇന്നെന്‍റെയരികത്ത് തലയണക്കൂട്ടില്ല

മിഴികളില്‍ വാസന്ത സ്വപ്നങ്ങളും ശൂന്യം…

പലകുറിയെന്‍മനം തിരയുന്നതാരെയോ

കിരണമായലിയുവാന്‍ വിതുമ്പുന്നപ്രാണനില്‍…

മൂകമീസന്ധ്യയില്‍ എന്‍ചാരെ വന്നു നീ

ചുളിവാര്‍ന്നകൈകളാലരുമയായ്‌ തഴുകവേ

അറിയാതെ പൊഴിയുന്നു മിഴികളില്‍ ജലകണം

പുല്‍കൊടിത്തുമ്പില്‍നിന്നുതിരുന്ന മഞ്ഞുപോല്‍…

ഇടറും നിന്‍ കൈകോര്‍ത്തെന്‍ നെഞ്ചോടുചേര്‍ക്കവേ

ഒരു ജന്മസാഭാല്യമറിയുന്നു ഇന്ന് ഞാന്‍

ഒരു വാക്ക് മാത്രം നിനക്കായിമാത്രം

ഈ നാളമണയുന്ന നാള്‍വരെ  നിന്നെ

പിരിയില്ലയരുമയാമെന്‍ പ്രിയസഖീ…

                                                                                                      — വിഷ്ണു.ജി.ബി

മഴ


ഇന്നീ ജനലഴിയിലൂടെ ഞാന്‍ കാണുന്നൊരീ-

മഴത്തുള്ളികള്‍ മണ്ണിലായ് ചേരുമ്പോള്‍

എന്‍റെ കണ്‍കോണില്‍ നിന്നറിയാതെയുതിരുന്ന

മിഴിനീരുമൊരു കഥ പറയാന്‍ തുടങ്ങുന്നു.

പൂക്കളില്‍ നിന്നും പൂക്കളിലെക്കൊരു ശലഭം

കണക്കെ ഞാന്‍ പാറിയ നാളിലായ്‌

കണ്ടു ഞാനാദ്യമായ് മന്ദസ്മിതം തൂകു-

മഴകാം സുമത്തെയാ പൂക്കള്‍തന്‍ ചാരത്ത്.

അവളുടെയരികത്തായൊരുമാത്ര വന്നിരുന്നിത്തിരി

തേന്‍കുടിച്ചുലകം മറക്കുവാന്‍

പാറിപ്പറന്നങ്ങുവന്നു നിന്നെങ്കിലും

കാതോരമുലയുന്നോരവള്‍തന്‍റെ വാര്‍മുടി-

ചുരുളുകളിലെല്ലാം മറന്നങ്ങു നിന്നുപോയ്.

ഞാന്‍ പോലുമറിയാതെയിന്നെന്‍റെ ജീവന്‍റെ

ശ്രുതിഭാവലയതാളമായി നീയെന്‍ സഖീ.

ഇന്നുനിന്‍ മെയ്‌തൊടാന്‍ കാറ്റായിവന്നുഞാന്‍

മഴയായ്‌ സ്നേഹമത് നിന്നില്‍ ചൊരിഞ്ഞുഞാന്‍

എന്നിട്ടുമൊരുവാക്കുപോലുമുരിയാടുവാ–

തെങ്ങോട്ടകന്നുപോയെന്‍പ്രിയസഖീ..

തേടിയലഞ്ഞു ഞാന്‍ കാലങ്ങളൊരുപാട്

കണ്ടുമുട്ടീ നിന്നെയെരിയുംതിരി നാളമായ്…

ഇന്നുമെന്‍ കണ്ണുകളീമലര്‍വാടിയില്‍

തിരയുന്നതോ നിന്‍റെ മന്ദസ്മിതം മാത്രം

ഏകനായീജന്മമെരിഞ്ഞു തീരുംവരെ

എന്നുമെന്‍ കൂട്ടിനീ കണ്ണീര്‍ മഴ മാത്രം…

                                                                                                –വിഷ്ണു.ജി.ബി

 

ഋതു


ഒരു കുഞ്ഞുപൂവില്‍ നിന്നീയിളംകാറ്റിലായ്‌

ഇതളൂര്‍ന്ന്‍ വീണ ചെറു ദളമെന്നപോലെ ഞാന്‍

ആദ്യമായീ ഭൂമിതന്നുടെ മാറിലായ് മിഴിപൂട്ടി —

യഴകായി ചേര്‍ന്നു മയങ്ങവേ …

വെണ്‍സൂര്യകിരണങ്ങള്‍ എന്‍റെ മെയ്‌  തഴുകവേ

അറിയതെ മെല്ലെയെന്‍ മിഴികള്‍ തുറന്നു ഞാന്‍

പ്രകൃതിതന്‍ സൗന്ദര്യം എന്നുള്ളില്ലറിയവേ

വരവേല്പൂ ഞാനീ വസന്തവും ഗ്രീഷ്മവും…

                                                                                                       –വിഷ്ണു.ജി.ബി

കണ്മഷി


ഈ നീലവാനില്‍ നിന്നാദ്യമായ് ഭൂമിയില്‍

പെയ്തിറങ്ങുന്ന മഴത്തുള്ളിപോലെ നീ

ആര്‍ദ്രമാമെന്‍ ഹൃദയത്തിന്‍റെയാഴത്തിലൊരു-

കുളിര്‍മഴയായ് പെയ്തിറങ്ങി

ഒരുനോക്ക്‌ കാണുവാനൊരുവാക്കുമിണ്ടുവാ-

നൊരുപാട് നാള് ഞാന്‍ കാത്തിരുന്നൂ സഖീ

ഒരുമാത്ര നിന്‍ചാരെ വന്നു നിന്നെങ്കിലും

നിന്‍റെ കണ്ണിമകളില്‍ എന്നെ മറന്നു ഞാന്‍

അറിയില്ലെനിക്കിന്നുമവളുടെ കണ്‍കളില്‍

ഞാന്‍ കണ്ടതവള്‍തന്‍റെ  പ്രണയമാണോയെന്ന്

നീയെന്‍റെ സ്നേഹത്തെയറിയുന്നുവെങ്കിലും

അറിയാതെ കാലങ്ങളരികത്തിരിക്കിലും

നിന്‍റെ കണ്‍പീലിതന്‍ തഴുകലേറ്റുലയുവാന്‍

നിന്‍ കണ്‍മഷിയാകുവാന്‍ അനുവദിക്കൂ പ്രിയേ…

                                                                                                          –വിഷ്ണു.ജി.ബി